സ്ത്രീക്ക് ഖുര്‍ആന്‍ നല്‍കിയ അവകാശങ്ങള്‍

സ്ത്രീക്ക് ഖുര്‍ആന്‍ നല്‍കിയ അവകാശങ്ങള്‍

1. ജീവിക്കാനുള്ള അവകാശം:

ഭാര്യ പ്രസവിച്ചത് പെണ്‍കുഞ്ഞാണെന്ന് മനസ്സിലാക്കിയാല്‍ അതിനെ കൊന്നുകളയുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്ന വരായിരുന്നു അറബികള്‍ (ഖുര്‍ആന്‍ 16:59). ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഭ്രൂണത്തിന്റെ ലിംഗം നിര്‍ണയിക്കുകയും പ്രസവിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ അതിനെ ഭ്രൂണാവസ്ഥയില്‍തന്നെ നശിപ്പിക്കാനൊരുമ്പെടുകയും ചെയ്യുന്ന സമകാലീന സമൂഹത്തിന്റെ ധാര്‍മിക നിലവാരം അജ്ഞാനകാലത്തെ അറബികളില്‍ നിന്ന് അല്‍പം പോലും ഉയര്‍ന്നതല്ല. പെണ്ണിനെ ജീവിക്കുവാന്‍ അനുവദിക്കാത്ത കുടിലതയെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നു (16:59,81:9) പുരുഷനെപ്പോലെ അവ ള്‍ക്കും ജനിക്കുവാനും ജീവിക്കാനും അവകാശമുണ്ടെന്ന് അത് പ്രഖ്യാപിക്കുന്നു.

2. സ്വത്തവകാശം:

പുരുഷനെപ്പോലെ സമ്പാദിക്കാനുള്ള അവകാശം ഖുര്‍ആന്‍ സ്ത്രീക്ക് നല്‍കുന്നു. സ്വന്തമായി ഉണ്ടാക്കിയതോ അനന്തരമായി ലഭിച്ചതോ ആയ സമ്പാദ്യങ്ങളെല്ലാം അവളുടേത് മാത്രമാണ് എന്നാണ് ഖുര്‍ആനിന്റെ കാഴ്ചപ്പാട്. സ്ത്രീയുടെ സമ്പാദ്യത്തില്‍നിന്ന് അവളുടെ സമ്മതമില്ലാതെ യാതൊന്നും എടുക്കുവാന്‍ ഭര്‍ത്താവിന് പോലും അവകാശമില്ല. "പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ വിഹിതവും സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ വിഹിതവുമുണ്ട് (ഖുര്‍ആന്‍ 4:32).

3. അനന്തരാവകാശം:

മാതാപിതാക്കളുടെ സ്വത്തില്‍ പുത്രിമാര്‍ക്കും ഓഹരിയുണ്ടെന്നാണ് ഖുര്‍ആനിന്റെ അധ്യാപനം. മറ്റൊരു മതഗ്രന്ഥവും സ്ത്രീക്ക് അനന്തരസ്വത്തില്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്നില്ലെന്ന താണ് വാസ്തവം. പരിഷ്കൃതമെന്നറിയപ്പെടുന്ന യൂറോപ്പില്‍ പോലും വനിതകള്‍ക്ക് അനന്തരസ്വത്തില്‍ അവകാശമുണ്ടെന്ന നിയമം കൊണ്ടുവന്നത് ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്. ഖുര്‍ആനാകട്ടെ, പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ സ്ത്രീകള്‍ക്ക് അനന്തരസ്വത്തില്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. "മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്'' (ഖുര്‍ആന്‍ 4:7).

4. ഇണയെ തെരഞ്ഞെടുക്കുവാനുള്ള അവകാശം:

വിവാഹാലോചനാവേളയില്‍ സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കപ്പെടണമെന്നാണ് ഇസ്ലാമിന്റെ ശാസന. ഒരു സ്ത്രീയെ അവള്‍ക്കിഷ്ടമില്ലാത്ത ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുവാന്‍ ആര്‍ക്കും അവകാശമില്ല; സ്വന്തം പിതാവിനുപോലും. മുഹമ്മദ് നബി(ല) പറഞ്ഞു: "വിധവയോട് അനുവാദം ചോദിക്കാതെ അവളെ വിവാഹം ചെയ്തുകൊടുക്കരുത്. കന്യകയോട് സമ്മതമാവശ്യപ്പെടാതെ അവളെയും കല്യാണം കഴിച്ചുകൊടുക്കാന്‍ പാടില്ല. മൌനമാണ് കന്യകയുടെ സമ്മതം'' (ബുഖാരി, മുസ്ലിം).

5. പഠിക്കുവാനും ചിന്തിക്കുവാനുമുള്ള അവകാശം:

സ്ത്രീകള്‍ക്ക് പഠിക്കുവാനും ചിന്തിക്കുവാനും അവകാശമുണ്ടെന്നാണ് ഖുര്‍ആനിന്റെ കാഴ്ചപ്പാട്. ഇത് കേവലം ഉപദേശങ്ങളിലൊതുക്കുകയല്ല, പ്രായോഗിക മായി കാണിച്ചുതരികയാണ് പ്രവാചകന്‍ (ല) ചെയ്തത്. പ്രവാചകാനുചര കളായ വനിതകള്‍ വിജ്ഞാന സമ്പാദനത്തില്‍ പ്രകടിപ്പിച്ചിരുന്ന ശുഷ്കാന്തി സുവിദിതമാണ്. പ്രവാചകന്റെയും പത്നിമാരുടെയും അടുക്കല്‍ വിജ്ഞാന സമ്പാദനത്തിനായി വനിതകള്‍ സദാ എത്താറുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാനാവും. അവരുമായി വിജ്ഞാന വിനിമയം നടത്താനായി പ്രവാചകന്‍ (ല) ഒരു ദിവസം നീക്കിവെച്ചിരുന്നുവെന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.

6. വിമര്‍ശിക്കുവാനുള്ള അവകാശം:

വിമര്‍ശിക്കുവാനും ചോദ്യം ചെയ്യുവാനുമുള്ള അവകാശം ഇസ്ലാം സ്ത്രീകള്‍ക്കു നല്‍കുന്നുണ്ട്. ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന 'ളിഹാര്‍' എന്ന സമ്പ്രദായത്തെക്കുറിച്ച് പ്രവാചകനോട് തര്‍ക്കിച്ച സ്വഹാബിവനിതയുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് മുജാദിലഃ (തര്‍ക്കിക്കുന്നവള്‍) എന്ന അദ്ധ്യായത്തിലെ ആദ്യവചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. പ്രവാചകന്റെ മുമ്പില്‍ പോലും സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി സംവദിക്കാനുളള അവകാശം അനുവദിക്കപ്പെട്ടിരുന്നുവെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്. ഈ സൂക്തത്തിലെവിടെയും സ്വഹാബി വനിതയുടെ തര്‍ക്കത്തെ വിമര്‍ശിച്ചിട്ടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.

7. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവകാശം:

രാഷ്ട്രകാര്യങ്ങളില്‍ സംബന്ധിക്കുന്നത് സ്വാഭാവികമായും പുരുഷന്മാരാണെങ്കിലും സ്ത്രീകള്‍ക്കും രാഷ്ട്രസംബന്ധമായ കാര്യങ്ങളില്‍ പങ്കുവഹിക്കാന്‍ ഇസ്ലാം സ്വാതന്ത്യ്രം നല്‍കിയിട്ടുണ്ട്. വിശ്വാസ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള സമരത്തില്‍ നേരിട്ട് സംബന്ധിക്കുന്നതിന് ഇസ്ലാം സ്ത്രീകളെ നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍, യുദ്ധരംഗത്തും മറ്റും പടപൊരുതുന്ന വര്‍ക്ക് സഹായികളായി വര്‍ത്തിക്കുവാന്‍ മുസ്ലിം വനിതകള്‍ രംഗത്തുണ്ടായിരുന്നു. പുരുഷന്മാരൊടൊപ്പം യുദ്ധത്തിന് പുറപ്പെടുകയും അവര്‍ക്ക് ഭക്ഷണം പാകം ചെയ്യുകയും പാനീയങ്ങള്‍ വിതരണം നടത്തുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്ന സ്വഹാബി വനിതകളെക്കുറിച്ച് ചരിത്രം നമുക്ക് വിവരിച്ചുതരുന്നുണ്ട്. സന്നിഗ്ധ ഘട്ടങ്ങളില്‍ സമരമുഖത്തിറങ്ങാന്‍ വരെ സന്നദ്ധത കാണിച്ചിരുന്ന മഹിളാ രത്നങ്ങളുണ്ടായിട്ടുണ്ട്, ഇസ്ലാമിക ചരിത്രത്തില്‍. പ്രവാചക പത്നിയായിരുന്ന ആയിശ()യായിരുന്നു ഖലീഫ ഉസ്മാന്റെ ഘാതകരെ ശിക്ഷിക്കാതെ അലി()യെ ഖലീഫയായി തെരഞ്ഞെടുക്കരുതെന്ന അഭിപ്രായത്തില്‍നിന്ന് ഉരുണ്ടുകൂടിയ ജമല്‍ യുദ്ധത്തിന് നേതൃത്വം വഹിച്ചത്.

8. വിവാഹമൂല്യത്തിനുള്ള അവകാശം:

വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അവകാശമാണ് 'മഹര്‍' ലഭിക്കുകയെന്നത്. തനിക്ക് ആവശ്യമുള്ള 'മഹര്‍' തന്റെ കൈകാര്യകര്‍ത്താവ് മുഖേന ആവശ്യപ്പെടുവാന്‍ സ്ത്രീക്ക് അവകാശമുണ്ട്. ഈ വിവാഹമൂല്യം നല്‍കേണ്ടത് പുരുഷന്റെ ബാധ്യത യാണ്. നല്‍കപ്പെടുന്ന വിവാഹമൂല്യം സ്ത്രീയുടെ സമ്പത്തായാണ് പരിഗ ണിക്കപ്പെടുന്നത്. അവളുടെ സമ്മതമില്ലാതെ ആര്‍ക്കും അതില്‍നിന്നും ഒന്നും എടുക്കാനാവില്ല. "സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍കുക'' (4:4) എന്നാണ് ഖുര്‍ആനിന്റെ കല്‍പന.

9. വിവാഹമോചനത്തിനുള്ള അവകാശം:

ഭര്‍ത്താവിനോടൊപ്പം ജീവിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍ വിവാഹമോചനം നേടാന്‍ സ്ത്രീക്ക് അവകാശമുണ്ട്. 'ഖുല്‍അ്', 'ഫസ്ഖ്' എന്നീ രണ്ട് സാങ്കേതിക ശബ്ദങ്ങ ളിലാണ് സ്ത്രീകളുടെ വിവാഹമോചനം വ്യവഹരിക്കപ്പെടുന്നത്. വിവാഹ മൂല്യം തിരിച്ചുനല്‍കിക്കൊണ്ടുള്ള മോചനമാണ് ഒന്നാമത്തേത്. തിരിച്ചു നല്‍കാതെയുള്ളതാണ് രണ്ടാമത്തേത്. ഏതായിരുന്നാലും താനിഷ്ടപ്പെ ടാത്ത ഒരു ഭര്‍ത്താവിനോടൊപ്പം പൊറുക്കാന്‍ ഇസ്ലാം സ്ത്രീയെ നിര്‍ബ ന്ധിക്കുന്നില്ല. അവള്‍ക്ക് അനിവാര്യമായ സാഹചര്യത്തില്‍ വിവാഹമോചനം നേടാവുന്നതാണ്.