ഇസ്ലാമിക ശിക്ഷാവിധി

ഇസ്ലാമിക ശിക്ഷാവിധി

"ഇസ്ലാം പട്ടിണികൊണ്ട് വലഞ്ഞ് കളവു നടത്തിയവന്റെ കൈവെട്ടിമാറ്റാന്‍ കല്‍പിക്കുന്നു. അതുവഴി കട്ടവന്റെ കുടുംബത്തെ അനാഥമാക്കുന്നു.

അതിശയോക്തി കലര്‍ന്നതാണ് ഈ ആരോപണം. ഇസ്ലാമിക ഭരണത്തില്‍ ക്ഷാമത്തിന്റെ നാളുകളിലൊന്നില്‍ പട്ടിണികൊണ്ട് മോഷ്ടിച്ച ബദുവിനെ പിടികൂടി വിട്ടയച്ച ഉമര്‍ (ra)ന്റെ ചരിത്രം സുവിദിതമാണല്ലോ. അക്ഷരപ്പിച്ച നടത്തിയിരുന്ന പ്രൈമറിക്ളാസിലെ ഗുണപാഠകഥ മുതല്‍ക്കിങ്ങോട്ട് എടുത്തു ചേര്‍ത്തിട്ടുള്ള പ്രസ്തുത ചരിത്രസംഭവം കാണാത്ത ഒരാളായിരിക്കില്ല ലേഖകന്‍. പട്ടിണി മാറ്റാന്‍ മോഷണം ഒരു പൊതുനിയമമായി അവതരിപ്പിക്കുകയല്ല; ഇസ്ലാമിക സകാത്ത് സമ്പ്രദായത്തിലൂടെ ഇതിന് പരിഹാരം നിര്‍ദേശിക്കുകയാണ് ഇസ്ലാം ആദ്യം ചെയ്തത്. ഇതിന് ശേഷവും മോഷണത്തിന് സന്നദ്ധരാവുന്നവരുടെ കരങ്ങള്‍ ഛേദിക്കാന്‍ തന്നെയാണ് ഇസ്ലാമിന്റെ കല്‍പന. ഒരു 'കരരഹിതസമൂഹ'ത്തിന്റെ സംസ്ഥാപനത്തിനായി നിയമങ്ങള്‍ നിര്‍മിക്കുകയല്ല; കളവുകളില്ലാത്ത ലോകത്തിന്റെ സൃഷ്ടിപ്പിനായി ശിക്ഷ വിധിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ഇസ്ലാമിലെ കടുത്ത ശിക്ഷയെ ഭയന്ന് കുറ്റം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള സാധ്യതയെ ഭൌതികവാദികള്‍ പോലും അംഗീകരിക്കുന്നുണ്ട്. "കൊള്ള, കൊല, കളവ്, വഞ്ചന, വ്യഭിചാരം, അടിപിടികള്‍ എന്നിവക്കെതിരായ കഠിനശിക്ഷ നല്‍കുന്ന ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ ദയാദാക്ഷിണ്യങ്ങളില്ല അറബ് നാടുകളില്‍. അതിനാല്‍ കലഹകാരണങ്ങളും ദുര്‍നടപടികളും കുറവാണ്'
മുന്‍ സൌദി അറേബ്യന്‍ ഭരണാധികാരി അബ്ദുല്‍ അസീസ് രാജാവിന്റെ നീണ്ട 25 വര്‍ഷത്തിന്റെ ഭരണത്തിനിടയില്‍ വെറും 16 മോഷണങ്ങളും കരച്ഛേദങ്ങളും മാത്രമേ നടന്നിട്ടുള്ളുവെന്ന വസ്തുത ഇതോടൊന്നിച്ച് ചേര്‍ത്തുവായിക്കുക.
ഭൌതികവാദികളുടെ ശിക്ഷാനടപടികളെ സോവിയറ്റ് യൂണിയന്റെ വെളിച്ചത്തില്‍ മാത്രം വിശകലനം നടത്തിയ കണക്ക് ഒരു മലയാളപുസ്തകത്തില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. "സോവിയറ്റ് യൂണിയന്‍ ലെനിന്റെ മരണവേളയില്‍ ജീവിച്ചിരുന്ന ഏഴ് പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ സ്റാലിനൊഴികെയുള്ളവരെല്ലാം രാജ്യദ്രോഹകുറ്റമാരോപിക്കപ്പെട്ടു. 1934ലെ യുദ്ധകാര്യകൌണ്‍സിലംഗമായിരുന്ന 80 പേരും ശിക്ഷിക്കപ്പെട്ടു. 17-പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത 1103 പേരും പിന്നീട് ശിക്ഷിക്കപ്പെട്ടു. 1937 ലെ ശുദ്ധീകരണത്തില്‍ 9 ജനറല്‍മാരടക്കം 30000 പട്ടാള ഓഫീസര്‍മാര്‍ വധിക്കപ്പെട്ടു. സെന്റര്‍ കാബിനറ്റിലെ 11 പേരില്‍ 9 പേരും, കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ 7 അധ്യക്ഷന്മാരില്‍ 5 പേരും കമ്യൂണിസ്റ് കേന്ദ്രസംഘടനയുടെ 53 സെക്രട്ടറിമാരില്‍ 43 പേരും 1936ലെ ഭരണഘടനാ നിര്‍മാതാക്കളായ 27 പേരില്‍ 15 പേരും 5 മാര്‍ഷ്വല്‍മാരില്‍ 3 പേരും വധിക്കപ്പെട്ടു.'
പ്രവാചകഭരണകാലത്ത് 81 യുദ്ധങ്ങളില്‍ ഇരുപക്ഷത്ത് നിന്നുമായി 1018 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടെതെന്നും സ്റാലിന്റെ ഭരണകാലത്ത് മാത്രം 4 കോടി ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതുകൂടി അറിയുമ്പോഴേ ഭൌതികവാദ ഭീകരതയുടെ ആഴം നമുക്ക് വ്യക്തമാകൂ.
ഇസ്ലാമികശിക്ഷാരീതിക്ക് പകരം ലേഖകന്‍ നിര്‍ദേശിക്കുന്ന കാരാഗൃഹം ചൂഷണരഹിത സമൂഹത്തിന്റെ സൃഷ്ടിപ്പിന്റെ കാര്യത്തില്‍ എത്രത്തോളം അപര്യാപ്തമാണെന്നതിന് ഇന്ത്യയില്‍ ഓരോ വര്‍ഷവും ഇരട്ടിച്ച് വരുന്ന കുറ്റവാളികളുടെ എണ്ണം തന്നെ തെളിവാണ്. ജയില്‍ മോചിതരായ 'രാഷ്ട്രീയ തടവുകാര്‍'ക്ക് പൌരസ്വീകരണവും ജയിലില്‍ വി.വി.ഐ.പി പരിഗണന ലഭിക്കുന്ന കള്ളസ്വാമിമാരെക്കുറിച്ചുള്ള വാര്‍ത്തയും തുറങ്കിലടക്കാന്‍ കൊണ്ടുപോകുന്ന സിനിമാതാരത്തിന് ഷേക്ക്ഹാന്റ് കൊടുക്കാന്‍ മല്‍സരിക്കുന്ന പോലീസാരാധകരുടെ അധമാവസ്ഥയും കണ്ട മലയാളി ഏതായാലും ജയിലിന്റെ അപ്രമാദിത്വത്തില്‍ ഊറ്റം കൊള്ളില്ലെന്ന് ഉറപ്പാണ്. ജയിലിലേക്ക് വരുന്ന വാട്ടര്‍ ടാങ്കറുകളില്‍ ഒളിച്ച് കടന്ന് കൊള്ള ചെയ്ത് മടങ്ങി വരുന്ന തടവ്പുള്ളികളെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് നല്‍കുന്ന ചിത്രവും മറ്റൊന്നല്ല. അഞ്ചിലേറെ തവണ ജയില്‍ മോചിതനായ ശേഷമാണ് റിപ്പര്‍ ചന്ദ്രന്‍ വധശിക്ഷക്ക് വിധേയമാകത്തക്ക കൊലപാതകം ചെയ്തത് എന്നത് കൂടി മനസ്സിലാക്കുന്നവര്‍ കാരാഗൃഹം ശുദ്ധീകരിക്കുന്ന മനുഷ്യമനസ്സുകളില്‍ വിശ്വസമര്‍പ്പിക്കാന്‍ പ്രയാസപ്പെടേണ്ടിവരുമെന്നതില്‍ സന്ദേഹമില്ല.