ഇസ്ലാമിലെ സ്ത്രീ


ഇസ്ലാമിലെ സ്ത്രീ


സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുന്ന മതമാണ് ഇസ്ലാമെന്ന യുക്തിവാദികളുടെ പ്രചരണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാശ്ചാത്യനാടുകളില്‍ ഉയര്‍ന്നുവന്ന വിമോചനപ്രസ്ഥാനങ്ങളാണ് അടുക്കളയെ ചൂഷണശാലയായി ചിത്രീകരിച്ച് ആദ്യമായി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് വന്നത്. 'അടുക്കള ബഹിഷ്കരിക്കുക' എന്ന പ്രമേയവുമായി തെരുവിലിറങ്ങിയ സ്ത്രീപക്ഷവാദികള്‍ പക്ഷെ, ഇസ്ലാമിനെതിരായല്ല ഈ മുദ്രാവാക്യം മുഴക്കിയത്,മറിച്ച് സ്ത്രീ സ്വാതന്ത്യ്രത്തെ ഹനിച്ചെന്ന് അവര്‍ വിശ്വസിച്ചിരുന്ന മുതലാളിത്തവ്യവസ്ഥിതിക്കെതിരെയായിരുന്നു.

എന്നാല്‍ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' കൈപിടിച്ചാനയിക്കപ്പെട്ട മലയാളി മങ്കമാര്‍ക്ക് നഷ്ടപ്പെട്ടത് സ്നേഹത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും മാതൃത്വത്തിന്റെയും പരസ്പര പങ്കുവെക്കലിന്റെയും ഉദാത്തമായൊരു വൈകാരിക പ്രപഞ്ചമാണ് എന്ന തിരിച്ചറിവ് പല ഫെമിനിസ്റുകളെയും കീഴടക്കിയിരുന്നുവെന്നാണ് അവരുടെ രചനകള്‍ നമ്മോട് വിളിച്ചു പറയുന്നത്. അടുക്കളയിലേക്ക് തന്നെ തിരിച്ചു നടക്കാനുള്ള ശ്രമത്തിലാണ് അവരില്‍ പലരുമിന്ന്. കേരളത്തിലെ സ്ത്രീ വാദത്തിന്റെയും പെണ്ണെഴുത്തിന്റെയും ശക്തയായ വക്താവ് സാറാജോസഫിന്റെ 'നമ്മുടെ അടുക്കള തിരിച്ചു പിടിക്കുക' എന്ന ലേഖനസമാഹാരം ഈ വിഷയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. "വിപ്ളവകരമായ ഒരാശയം എന്ന നിലയില്‍ അടുക്കള ബഹിഷ്കരിക്കുക ആഹ്വാനം അംഗീകരിക്കുമ്പോഴും അടുക്കള ബഹിഷ്കരിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയുന്ന പ്രധാനഘടകം 'കുഞ്ഞുങ്ങള്‍' ആണ്. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കുകയെന്നത് ആരുടെ കടമയാണ് എന്ന ചോദ്യത്തിനുമപ്പുറത്ത് അതിന്റെ അനിവാര്യമായ ആവശ്യകത ഉയര്‍ന്നു നില്‍ക്കുന്നു. അമ്മയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതും കപടമായി ഉദാത്തവല്‍ക്കരിക്കപ്പെട്ടതുമായ ഒന്നാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ആ ജോലിയിലേര്‍പ്പെടാന്‍ സ്ത്രീകള്‍ തയ്യാറാവുന്നു. ഒരേ സമയം 'അടുക്കള ബഹിക്ഷ്കരിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തുന്നവളും അതേസമയം കുഞ്ഞുങ്ങള്‍ എന്ന സത്യത്തിനു മുന്നില്‍ സ്വയം അടുക്കളയില്‍ തളക്കപ്പെട്ടവളും ആയിരിക്കുന്നു വിമോചനാശയം ഉള്‍ക്കൊണ്ട സ്ത്രീ. ആണ്‍കോയ്മ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്, അതിനെ ഉദാത്തീകരിച്ച്, പോറ്റിപ്പുലര്‍ത്തുന്ന സ്ത്രീയില്‍ നിന്ന് ഭിന്നമാണ് അടുക്കളയോടുള്ള കാഴ്ചപ്പാട് ഈ പുതിയ സ്ത്രീയില്‍. സ്ത്രീ-പുരുഷന്മാര്‍ ഒന്നിച്ച് അടുക്കളയെ പൊതുസ്ഥലവും പ്രധാനസ്ഥലവും ആക്കേണ്ടതിന്റെ ആവശ്യകതയാണ് പഴയ 'അടുക്കള ബഹിഷ്കരിക്കുക' എന്ന മുദ്രാവാക്യം മുന്നോട്ട് വെക്കുന്നത്. തിരിച്ചെടുക്കേണ്ടത് കുടുംബാംഗങ്ങള്‍ വട്ടമിട്ടിരിക്കുന്നതിന്റെ നടുവിലെ ആ നഷ്ടഭൂമിയാണ്''

ഭൌതികതയുടെ പളപളപ്പില്‍ മദിച്ച് ഉറ്റവരെയും ഉടുവസ്ത്രത്തെയും ഉപേക്ഷിക്കാന്‍ വ്യഗ്രതകാണിച്ച ഭൌതികവാദികളുടെ മാനസാന്തരമാണ് നാം മുകളില്‍ വായിച്ചത്. ഇതേ ആശയത്തിലധിഷ്ടിതമായ കഥകളും സാറാജോസഫ് പിന്നീട് രചിക്കുകയുണ്ടായി. എന്നാല്‍ സമൂഹത്തിന്റെ കരിപിടിച്ച അടുക്കളയില്‍ ചടഞ്ഞിരിക്കാനല്ല മുസ്ലിം സ്ത്രീയോട് ഖുര്‍ആന്‍ ഉപദേശിക്കുന്നത്. മറിച്ച്, ഒരേ ആത്മാവിന്റെ അര്‍ധപാതിയായി സ്ത്രീയെ പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ സമൂഹത്തിലേക്കവരോട് ഇറങ്ങിചെല്ലാനും തങ്ങളുടേതായ വ്യവഹാരരംഗങ്ങളില്‍ ഭാഗഭാക്കാവാനും ആവശ്യപ്പെടുന്നുണ്ട്. സ്വന്തമായി സ്വത്ത് സമ്പാദിക്കാനും, അനന്തരാവകാശത്തില്‍ ഓഹരി കൈപറ്റാനും പഠനവും മനനവും നടത്താനും അനുമതി നല്‍കുന്ന സംഭവങ്ങള്‍ ഇസ്ലാമിക ചരിത്രത്തില്‍ ഉടനീളം ദര്‍ശിക്കാം. 'ഒത്തുമടുത്തു കഴിഞ്ഞാല്‍ പിന്നെ ഗുഡ്ബൈ ചൊല്ലിപ്പിരിയു'ന്ന ഭൌതിക പ്രത്യയശാസ്ത്രങ്ങളോ കുടുംബമെന്ന പരിപാവനമായ സ്ഥാപനത്തിലെ നെടുനായകത്വം വഹിക്കാന്‍ പ്രാപ്തമാക്കുന്ന ഇസ്ലാമിക ദര്‍ശനമോ ഏതാണ് സ്ത്രീകള്‍ക്ക് സ്വാതന്ത്യ്രം നല്‍കുന്നതെന്ന് ആരോപകന്‍ സ്വയം തീരുമാനിക്കട്ടെ.